Saturday, March 10, 2012

വയനാട് ചുരം കണ്ടുപിടിച്ച കരിന്തണ്ടന് ചിത്രരൂപം

കല്‍പറ്റ: കൊടുംവളവുകളും അഗാധഗര്‍ത്തങ്ങളുമായി വയനാട് ചുരം കണ്ടുപിടിച്ച ആജാനുബാഹുവായ ആദിവാസി കരിന്തണ്ടന് ഒടുവില്‍ ചിത്രരൂപം. വന്യമൃഗങ്ങള്‍ നിറഞ്ഞ വന്‍മലയിലൂടെ വയനാട്ടിലേക്ക് കടക്കാന്‍ പാത കണ്ടെത്താനാകാതെ വിഷമിച്ച ബ്രിട്ടീഷുകാരെ സഹായിച്ചത് ആദിവാസി പണിയ വിഭാഗത്തിലെ കരിന്തണ്ടനായിരുന്നു. ഇടതൂര്‍ന്ന വനത്തില്‍ കാലികളെ മേക്കുന്ന കരിന്തണ്ടന് കാനനവഴികള്‍ സുപരിചിതം. ആദിവാസികളുടെ പാരമ്പര്യവഴികള്‍ കാണിച്ചുകൊടുത്തതോടെ ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ ഇതിലൂടെ ചുരംപാത പണിതു. വയനാട്ടിലേക്ക് ദുര്‍ഘടപാത കണ്ടുപിടിച്ചതിന്റെ ബഹുമതി തങ്ങള്‍ക്കു നഷ്ടമാകുമെന്നതിനാല്‍ ബ്രിട്ടീഷുകാര്‍ കരിന്തണ്ടനെ കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഓര്‍മക്കായാണ് ലക്കിടിയില്‍ ചങ്ങലമരം സ്ഥാപിക്കപ്പെട്ടത്. കൊലപാതകശേഷം ചുരത്തിലൂടെ യാത്രചെയ്യുന്ന ബ്രിട്ടീഷുകാരെ കരിന്തണ്ടന്റെ ആത്മാവ് നിരന്തരം പേടിപ്പെടുത്തിയതിനാല്‍ ആത്മാവിനെ ചങ്ങലയില്‍ ബന്ധിപ്പിച്ചതാണെന്ന ഐതിഹ്യവുമുണ്ട്. പണിയ വിഭാഗത്തില്‍പെട്ട യുവാവ് ആദിവാസി മൂപ്പനായിരുന്നുവെന്നും കാലക്രമേണ കരിന്തണ്ടന്‍ എന്ന പേര് വീഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. ചങ്ങലമരവും ചുരവുമൊക്കെയായി പ്രശസ്തനാണെങ്കിലും കരിന്തണ്ടന് ഇതുവരെ ചിത്രരൂപമുണ്ടായിരുന്നില്ല. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 'പീപ്പ്' എന്ന സന്നദ്ധസംഘടന ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ താമരശ്ശേരി സ്വദേശിയായ പടിഞ്ഞാറത്തറയിലെ ആര്‍ട്ടിസ്റ്റ് അയ്യപ്പനാണ് ചിത്രം തയാറാക്കിയത്. അടിവാരം, ചിപ്ലിത്തോട്, പഴയവൈത്തിരി എന്നിവിടങ്ങളില്‍ കരിന്തണ്ടന്റെ വംശപരമ്പരയുണ്ട്. ഇവിടത്തെ കാരണവന്മാരില്‍നിന്നാണ് കരിന്തണ്ടന്റെ രൂപഭാവങ്ങള്‍ കിട്ടിയത്. നാലര അടി ഉയരവും മൂന്നര അടി വീതിയുമുള്ള ഓയില്‍ പെയ്ന്റിങ്ങില്‍ കരിന്തണ്ടന്റ ബലിഷ്ഠ രൂപം തീര്‍ക്കാന്‍ മൂന്നുമാസമെടുത്തു. ചിത്രത്തിന്റെ രൂപരേഖ ആദിവാസി കാരണവന്മാരെ കാണിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി. സായ്പ്പിന് വഴികാട്ടിക്കൊടുത്ത് ചുരം കയറി വന്ന് ഗാംഭീര്യത്തോടെ നില്‍ക്കുന്ന കരിന്തണ്ടനാണ് ചിത്രത്തില്‍. മുറുക്കാന്‍ ചവക്കല്‍, കടുക്കന്‍, മുടി, പട്ടുംവളയും, അരക്കെട്ട് തുണി, ശരീര ഘടന എന്നിവക്കെല്ലാം പ്രാധാന്യമുണ്ട്. താന്‍ അവസാനം അപകടത്തില്‍പെടുമെന്ന വിശ്വാസം കരിന്തണ്ടനുണ്ടായിരുന്നുവെന്നും ചിത്രത്തിലെ മുഖഭാവത്തില്‍ അത് വ്യക്തമാണെന്നും അയ്യപ്പന്‍ മാസ്റ്റര്‍ പറഞ്ഞു. മാര്‍ച്ച് 11ന് ആദിവാസികള്‍ ചുരത്തില്‍ കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തുന്നുണ്ട്. ലക്കിടിയില്‍നിന്ന് തുടങ്ങുന്ന കാല്‍നടയാത്ര വൈകുന്നേരം നാലരയോടെ ലക്കിടി ചങ്ങലമരത്തില്‍ സമാപിക്കും. വയനാട് ചുരത്തിന് 'കരിന്തണ്ടന്‍ ചുരം' എന്ന് പേരിടുക, കരിന്തണ്ടന്‍ പ്രതിമ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തുന്ന യാത്രയില്‍ 500 ആദിവാസികള്‍ പങ്കെടുക്കും.

for more click here

No comments:

Post a Comment